ഇന്ന് ( ജൂണ്‍ 26 ) ലോക മയക്കു മരുന്ന് വിരുദ്ധ ദിനം. മനുഷ്യനെ അടിമപ്പെടുത്തുന്ന മയക്കു മരുന്നുകള്‍ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് സ്വപ്നം കാണാനും പ്രതിജ്ഞകള്‍ പുതുക്കാനും ഉള്ള അവസരം. ഐക്യ രാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണ്‍ വളരെ അര്‍ത്ഥവത്തായ ഒരു സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ലഹരി ഉപയോഗത്തിന് പിന്നിലെ സാമ്പത്തികവും സാമൂഹ്യവുമായ കാരണങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങണം എന്നാണ് അദ്ദേഹം പറയുന്നത്. ലഹരിയുടെ പിടിയില്‍ സമൂഹങ്ങള്‍ അമരുന്നതിന് പ്രധാന കാരണം വ്യക്തികളുടെ ദൌര്‍ബല്യമല്ല മറിച്ച് അവര്‍ ജീവിക്കുന്ന ദുരവസ്ഥകളാണ് എന്ന ലഹരിയുടെ രാഷ്ട്രീയം തുറന്നു കാട്ടുകയാണ് ഐക്യ രാഷ്ട്ര സഭ. നീതി പൂര്‍വകമായതും നില നില്‍ക്കുന്നതുമായ വികസന മാതൃകകള്‍ ഇല്ലാതെ സമൂഹത്തെ ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആവില്ല എന്നത് തന്നെയാണ് ഈ ദിവസത്തിന്‍റെ സന്ദേശം
ജന പക്ഷ വികസന മാതൃകകളെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന ഒരു സമയമാണ് കേരളത്തില്‍ . സാമ്പത്തികമായി താഴെ തട്ടില്‍ ഉള്ളവരുടെ ഉന്നമനത്തെ എല്ലാ രാഷ്ട്രീയ പാര്‍ടികളും തങ്ങളുടെ ലക്ഷ്യമായി പറയുന്നുണ്ട്. മുകള്‍ തട്ടും മറ്റുള്ളവരും തമ്മില്‍ വര്‍ധിച്ചു വരുന്ന സാമ്പത്തിക വിടവ് എന്ന കാതലായ പ്രശ്നത്തെ എങ്ങനെ നേരിടാം എന്നോ അത് നമ്മുടെ ആരോഗ്യത്തിലും നിത്യ ജീവിതത്തിലും ഉണ്ടാക്കുന്ന പ്രയാസങ്ങളെ കുറക്കാന്‍ വിവിധ മേഖലകളില്‍ നടത്തേണ്ട ആഴത്തിലുള്ള ഇടപെടലുകള്‍ ഏതൊക്കെ എന്നോ വ്യക്തമായി പറയുന്നവര്‍ അധികമില്ല. നയങ്ങളും വികസന മാതൃകകളും ലക്ഷ്യമിടുന്നത് എന്ത് , ജനപക്ഷ സ്വഭാവത്തിന്‍റെ അളവു കോലുകള്‍ ഏവ , ലക്‌ഷ്യം സാക്ഷാത്കരിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെ എന്നിവ നോക്കിയാലേ വികസനം ജനപക്ഷമോ എന്ന് പറയാനാവൂ. ഇതുപോലെ തന്നെയാണ് ലഹരിയുടെ കാര്യവും. മദ്യത്തിന്‍റെ കെടുതികളെ കുറിച്ച് ഇത്ര ചര്‍ച്ചകള്‍ നടന്ന ഒരു സമയം കേരളത്തില്‍ അടുത്തുണ്ടായിട്ടില്ല. മദ്യ ഉപയോഗം കേരളത്തില്‍ വ്യാപകമാണ്. 45 % പുരുഷന്‍മാരും കഴിഞ്ഞ വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും മദ്യം കഴിച്ചിട്ടുണ്ട്. 30% പുരുഷന്‍മാരും കഴിഞ്ഞ മാസത്തില്‍ മദ്യം കഴിച്ചിട്ടുണ്ട് . പകുതിയോളം ശതമാനം പുരുഷ കോളേജ് വിദ്യാര്‍ഥികളും മദ്യം ഉപയോഗിച്ചവരാണ് . നിയന്ത്രണങ്ങളോടെയാണെങ്കിലും, തലമുറകളായി ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്നവയും , വര്‍ത്തമാന കാലത്ത് വ്യാപകമായി ഉപയോഗത്തില്‍ ഉള്ളതുമായ വസ്തുക്കള്‍ , സ്വഭാവങ്ങള്‍ , രീതികള്‍ , വിശ്വാസങ്ങള്‍ എന്നിവ നിരോധിച്ചുകൊണ്ട് ഇല്ലാതാക്കാനാവില്ല എന്നതാണ് ലോകത്തിന്‍റെ അനുഭവം. ആസക്തികള്‍ നിയന്ത്രിക്കാന്‍ വ്യക്തികളും സമൂഹവും തയ്യാറാവുക എന്നതാണ് പ്രധാനം. ഈ പശ്ചാത്തലത്തിലാണ് ഐക്യ രാഷ്ട്ര സഭ പറയുന്ന ജന പക്ഷ ലഹരി വര്‍ജ്ജന പ്രസ്ഥാനത്തിന്‍റെ പ്രസക്തിയും സാധ്യതയും .
മദ്യം ഏറെക്കുറെ ജീവിത ശൈലിയുടെ ഭാഗമായ രാജ്യങ്ങളില്‍ പോലും , ഇത് സൃഷ്ടിക്കുന്ന ആരോഗ്യ സാമൂഹ്യ പ്രശ്നങ്ങളെ മുന്‍ നിര്‍ത്തി ഗൌരവമായ വീണ്ടു വിചാരങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഒരാഴ്ചയില്‍ കഴിക്കാവുന്ന പരമാവധി അളവായി നിശ്ചയിച്ചിരുന്നത് പുരുഷന് 21 യൂനിറ്റും സ്ത്രീക്ക് 14 യുണിറ്റും ആയിരുന്നു. 1995 മുതല്‍ ഇംഗ്ലണ്ടില്‍ നിലവില്‍ ഉള്ളതാണ് ഈ നിര്‍ദേശം. പുതിയ തെളിവുകളുടെയും മെഡിക്കല്‍ വിദഗ്ദ്ധരുടെ ഉപദേശത്തിന്‍റെയും അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഇത് മാറ്റി. വളരെ ചെറിയ അളവില്‍ പോലും മദ്യം ദോഷം തന്നെ എന്നും പുരുഷനും സ്ത്രീയും പരമാവധി 14 യൂനിറ്റ് മാത്രമേ ഒരാഴ്ചയില്‍ കുടിക്കാവൂ എന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ചെറിയ അളവിലും മദ്യം കാന്‍സറിനു കാരണം ആകുന്നു എന്ന വിലയിരുത്തല്‍ ഈ മാറ്റത്തിനു പുറകില്‍ ഉണ്ട്.
കേരളത്തിലെ മദ്യ ഉപഭോഗം അപകടകരമായ നിലവാരത്തില്‍ തുടരുകയാണ്. ബിവരെജസ് കോര്‍പ്പറെഷന്‍ കണക്കു മാത്രം നോക്കിയാല്‍ 8000 കോടി രൂപക്കുള്ള മദ്യം കേരളീയര്‍ ഒരു വര്‍ഷം കുടിക്കുന്നു. 8.2 ലിറ്റര്‍ ആണ് ആളോഹരി ഉപഭോഗം. ഡ്യൂട്ടി ഫ്രീ വഴിയും, ഡിഫന്‍സ് കോട്ട വഴിയും വരുന്നത് വേറെ. കാന്‍സര്‍ ഉള്‍പ്പെടെയുള്ള നിരവധി ശാരീരിക രോഗങ്ങള്‍ക്ക് മദ്യം കാരണമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപെട്ടിട്ടുണ്ട് .അമിത മദ്യപാനം ഏറെ മാനസിക പ്രശ്നങ്ങളും രോഗങ്ങളും സൃഷ്ടിക്കുന്നു. സ്ത്രീകളും കുട്ടികളും നിരവധി ദുരനുഭവങ്ങള്‍ക്ക് ഇരയാകുന്നു. കുറ്റ കൃത്യങ്ങള്‍,റോഡപകടങ്ങള്‍ , തൊഴില്‍ നഷ്ടം, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ മൂലം വ്യക്തി, കുടുംബം , സമൂഹം എന്നിവക്കുണ്ടാകുന്ന സാമ്പത്തികമുള്‍പ്പെടെയുള്ള നഷ്ടങ്ങള്‍ വളരെ വലുതാണ്.
വളരെ ഗൌരവമായി കാണേണ്ട ഒരു വസ്തുത കൌമാര പ്രായക്കാരായ കുട്ടികളില്‍ 23 % പേര്‍ ഒരിക്കല്‍ എങ്കിലും മദ്യപിച്ചിട്ടുണ്ട് എന്നതാണ്. 14 വയസ്സിനു മുന്‍പേ തന്നെ ഇവരില്‍ ഭൂരിപക്ഷവും ഇത് ആരംഭിച്ചിട്ടുണ്ട്. പുകയില, മറ്റു ലഹരി എന്നിവ തുടങ്ങുന്നതിനു മുന്‍പേ കൌമാരക്കാര്‍ മദ്യം ഉപയോഗിക്കാന്‍ തുടങ്ങുന്നു എന്നും കേരളത്തില്‍ ഇതുവരെ നടത്തിയതില്‍ ഏറ്റവും ശാസ്ത്രീയവും വലുതുമായ ഒരു പഠനം കാണിക്കുന്നു. ( ജയ് സൂര്യ 2016 ). ചെറു പ്രായത്തിലെ മദ്യ ഉപയോഗം മറ്റു ലഹരികളിലേക്കുള്ള വഴി തുറക്കുന്നു എന്നാണ് ഇത് സൂചിപ്പികുന്നത്. ശരിയായ ഇടപെടല്‍ മദ്യ ഉപയോഗത്തില്‍ നടത്തിയാല്‍ മറ്റു ലഹരി വസ്തുക്കളുടെ മേലും നിയന്ത്രണം കിട്ടാന്‍ സാധ്യത ഏറെയാണ്. മദ്യ ഉപഭോഗം ഗണ്യമായി കുറക്കാനുള്ള സമഗ്രമായ ഒരു പദ്ധതി നമുക്ക് ഉണ്ടായേ തീരു.
ജനകീയ മദ്യ വര്‍ജജന പദ്ധതി ലക്ഷ്യങ്ങള്‍
- ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അറിവ് നല്‍കുന്നത് വഴി അപകടകരമായ ഉപയോഗം കുറയ്ക്കുക
- അമിതവും അപകടകരവുമായ ഉപയോഗം കുറയ്ക്കുന്നതില്‍ മദ്യ ഉത്പാദകര്‍ക്കും വില്പനക്കാര്‍ക്കും ഉള്ള ഉത്തരവാദിത്തം നിയമം മൂലം നിജപ്പെടുത്തുക
- പുത്തന്‍ രീതികളിലൂടെ ലഹരി വസ്തുക്കളെ സംബന്ധിച്ച് ശരിയായ ധാരണകളും സുരക്ഷിതമായ സ്വഭാവങ്ങളും ജനങ്ങള്‍ക്ക് പ്രത്യേകിച്ച് , പുതു തലമുറയ്ക്ക് നല്‍കുക
- ലഹരി ഉപയോഗ രീതികള്‍, കാരണങ്ങള്‍ , ശാരീരിക, മാനസിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ എന്നിവയെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
- ലഹരി ഉപയോഗത്തില്‍ ഇടപെടാന്‍ ഫലപ്രദമായ പ്രാദേശിക മാതൃകകള്‍ ഉണ്ടാക്കാന്‍ പ്രാദേശിക ഭരണകൂടങ്ങളെ പ്രോത്സാഹിപ്പിക്കുക.
- ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് മോചന ചികിത്സകള്‍ സ്വീകരിക്കാനുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കുക.
ഇടപെടല്‍ സാദ്ധ്യതകള്‍
ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന, പ്രയോഗത്തില്‍ വരുത്തിയാല്‍ ഏറ്റവും ഫല സാധ്യത ഉള്ള , ചില ഇടപെടലുകള്‍
- കുപ്പിക്കൊപ്പം പുസ്തകം പദ്ധതി : കേരളത്തില്‍ ബിവറേജസ് കോര്‍പറേഷന്‍ വില്‍ക്കുന്ന ഓരോ കുപ്പിക്കൊപ്പവും ഒരു ചെറിയ ലഘു ലേഘ നിര്‍ബന്ധമായും നല്‍കുക. മദ്യത്തിന്‍റെ അപകടങ്ങളുടെ ശാസ്ത്രീയ വശം വിവരിക്കുന്നതാകണം ഇത്. വ്യക്തി മദ്യത്തിനു അടിമപ്പെട്ടു തുടങ്ങിയോ എന്ന് സ്വയം മനസ്സിലാക്കാനുള്ള ഒരു പ്രത്യേക ചോദ്യാവലിയും ഇതില്‍ ഉണ്ടാകണം . അപകടകരമായ ഉപയോഗത്തില്‍ നിന്ന് പിന്‍മാറുന്ന തിനു സഹായകമായ വിവരങ്ങളും ഇതില്‍ ഉണ്ടാകണം. സര്‍ക്കാ ര്‍ തയ്യാറാക്കി നല്‍കുന്ന ലഘുലേഖ കുപ്പിക്കൊപ്പം ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം മദ്യ ഉത്പാദകര്‍ക്കായിരിക്കണം.
- കുപ്പിയുടെ ലേബെലിനോപ്പം വിവരങ്ങള്‍: കുപ്പിയുടെ ബോക്സ്, ലേബല്‍ എന്നിവയുടെ ആകര്‍ഷണീയത മദ്യത്തിനോടുള്ള അടിമത്തം നിലനിര്‍ത്തുന്ന നിരവധി ഘടകങ്ങളില്‍ ഒന്നാണ്. പുകയിലയുടെ കാര്യത്തില്‍ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ പാക്കേജിങ്ങ് നിയന്ത്രണങ്ങള്‍ ഉപയോഗം കുറച്ചു. ഇതു പോലെ മദ്യ കുപ്പിയുടെ കാര്യത്തില്‍ കേരളത്തിന് ഒരു ലോക മാതൃക തന്നെ സൃഷ്ടിക്കാനാകും. ബോക്സ് , ലേബല്‍ എന്നിവയുടെ പകുതി ഭാഗം മദ്യത്തെ സംബന്ധിച്ച പൊതു അറിവ്, അപകട ഉപയോഗം തിരിച്ചറിയാനുള്ള വഴികള്‍ എന്നിവ നല്‍കുന്നതിന് ഉപയോഗിക്കണമെന്ന് ഉത്‌പാദകരോട് നിയമം വഴി നിഷ്കര്‍ഷിക്കാവുന്നതാണ് . പൊതു ജനങ്ങളുടെയും വിദഗ്ദ്ധരുടെയും പങ്കാളിത്തത്തോടെ ഇതിനായുള്ള ഉള്ളടക്കം , ചിത്രങ്ങള്‍ എന്നിവ രൂപപ്പെടുത്താവുന്നതാണ്.
- ബാര്‍ ബില്ലിനൊപ്പം വീട്ടിലേക്കൊരു പുസ്തകം: എല്ലാ ബാര്‍ ഉപഭോക്താക്കള്‍ക്കും ബില്ലിന്‍റെ കൂടെ ഒരു പുസ്തകവും നിര്‍ബന്ധമായും നല്‍കുക. എല്ലാ ബാറുകളും , വളരെ വ്യക്തമായി കാണുന്ന രീതിയില്‍ ഒരു ഷെല്‍ഫ് വെക്കണമെന്ന് നിര്‍ബന്ധമാക്കുക., ലഹരി ഉപയോഗം കുറയ്ക്കാനും നിര്‍ത്താനും സഹായിക്കുന്ന, വിദഗ്ധര്‍ തിരഞ്ഞെടുത്തതും, വകുപ്പ് അംഗീകരിച്ചതുമായ ലിസ്റ്റില്‍ പെട്ട എല്ലാ പുസ്തകങ്ങളും ഇവിടെ ഉണ്ടാകണം. തങ്ങളുടെ വാര്‍ഷിക മദ്യ വില്‍പനയുടെ ഒരു നിശ്ചിത ശതമാനം തുകക്കുള്ള പുസ്തകങ്ങള്‍ നിര്‍ബന്ധമായും വകുപ്പില്‍ നിന്നോ, അവര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സിയില്‍ നിന്നോ വാങ്ങിയിരിക്കണം എന്ന് നിശ്ചയിക്കുക.. ഉപഭോക്താക്കളില്‍ നിന്ന് പുസ്തക വില ഈടാക്കണമോ എന്ന് ബാറുകള്‍ക്ക് തീരുമാനിക്കാവുന്നതാണ്. ലഹരിയെ നിരുത്സാഹ പ്പെടുത്തുന്ന വസ്തുതകളും നിര്‍ത്താന്‍ പ്രചോദനം നല്‍കുന്ന വാക്യങ്ങളും ഉള്ള പല തരത്തിലുള്ള ഉപയോഗ വസ്തുക്കളും ( പേന, പെന്‍സില്‍, നോട്ട് പുസ്തകം, ഗ്ലാസ്, ചിത്രങ്ങള്‍ തുടങ്ങിയവ) ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
- പിഴക്കൊപ്പം പഠനം : മദ്യപിച്ചു വണ്ടിയോടിച്ചവരും കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരും ഇന്ന് നിലവിലുള്ള പിഴ, മറ്റു ശിക്ഷകള്‍ എന്നിവയ്ക്കൊപ്പം നിര്‍ബന്ധ പഠന കോഴ്സില്‍ പങ്കെടുക്കണം എന്നു നിയമം കൊണ്ടുവരണം. . ഇതിനുള്ള ചെലവ് അവര്‍ തന്നെ വഹിക്കണം. പോലീസും എക്സൈസ് വകുപ്പും യോജിച്ച് ഇത് നടപ്പാക്കാവുന്നതാണ് . ഈ കോഴ്സ് നടത്താന്‍ കഴിവുള്ള ഏജന്‍സികളെ ജില്ലാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കണം. ഒരു ജില്ലയില്‍ ഈ പദ്ധതി പൈലറ്റ് ചെയ്യുന്നത് നന്നായിരിക്കും.
- പുതു തലമുറക്കായി പ്രത്യേക ഇടപെടല്‍: ക്ലാസ്സ് റൂമുകളില്‍ ഉപയോഗിക്കാന്‍ ഉള്ള പ്രത്യേക പരിശീലന കിറ്റ് തയ്യാറാക്കണം. ഇത് പുതു രീതികളെ അവലംബിക്കുന്നതും അര്‍ത്ഥ പൂര്‍ണമായി സംവേദിക്കുന്നതും ആകണം. വലിയ പരിശീലനം കൂടാതെ അധ്യാപകര്‍ക്ക് ഇത് കൈകാര്യം ചെയ്യാനും പറ്റണം. പ്രത്യേക വെബ്സൈറ്റ് വഴി പഠന സാമഗ്രികള്‍ എപ്പോഴും ലഭ്യമാക്കാവുന്നതുമാണ്. ഈ പദ്ധതിയുടെ കിറ്റ് രൂപപ്പെടുത്താന്‍ താല്പര്യമുള്ളവരില്‍ നിന്നും, അപേക്ഷകള്‍ ക്ഷണിച്ചു , തിരഞ്ഞെടുത്തവര്‍ക്ക് ഇതിനുള്ള ചുമതല നല്‍കാവുന്നതാണ്.
- പ്രാദേശിക പുതു മാതൃകകള്‍ സൃഷ്ടിക്കുക. ഓരോ പ്രദേശത്തെയും പ്രശ്നങ്ങളും പരിഹാരങ്ങളും വ്യത്യസ്തമാണ്. ഇടപെടലുകള്‍ ശാസ്ത്രീയവും, അനുഭവത്തില്‍ നിന്നും പഠിക്കാന്‍ പറ്റും വിധം രൂപപ്പെടുത്തിയതുമാകണം. വിദഗ്ദ്ധരുടെ പങ്കാളിത്തം അനിവാര്യമാക്കണം. എക്സൈസ് വകുപ്പ് പ്രാദേശിക സര്‍ക്കാരുകളില്‍ നിന്ന് മാതൃക പദ്ധതിക്കായുള്ള അപേക്ഷ ക്ഷണിക്കുകയും, വിദഗ്ധ പാനല്‍ ഉപയോഗിച്ചു ഏറ്റവും ശാസ്ത്രീയവും സാധ്യത നിറഞ്ഞതുമായ പദ്ധതി തിരഞ്ഞെടുക്കുകയും വേണം. പ്രാദേശിക ഇടപെടല്‍ മാതൃകക്കായി എത്ര തുക നീക്കിയിരിക്കുന്നുവെന്നു വ്യക്തമാ ക്കണം. പദ്ധതികളുടെ മേല്‍നോട്ടം പ്രാദേശിക സര്‍ക്കാരിനൊപ്പം എക്സൈസ് വകുപ്പിനും ഉണ്ടാകണം.
- ഗവേഷണം ത്വരിതപ്പെടുത്താനുള്ള പദ്ധതി : ലഹരി ഉപയോഗത്തിന്‍റെ ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രശ്നങ്ങള്‍ , കടുത്ത ലഹരിക്ക് അടിമപ്പെട്ടവരുടെ ജീവിതാവസ്ഥകള്‍ തുടങ്ങിയ മേഖലകളില്‍ നമുക്ക് കേരളത്തിന്‍റെ സവിശേഷ സാഹചര്യത്തിലുള്ള വിവരങ്ങള്‍ ഇല്ല. വകുപ്പ് ഇത്തരത്തിലുള്ള ഗവേഷണ പദ്ധതികള്‍ക്ക് ധന സഹായം നല്‍കണം. വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം അപേക്ഷിക്കാവുന്ന ഒരു വാര്‍ഷിക ഗവേഷണ ഫണ്ട് പ്രഖ്യാപിക്കണം. ഈ രംഗത്തെ വിദഗ്ധര്‍ ഉള്ള പാനല്‍ ഇതിന്‍റെ വിതരണവും മേല്‍നോട്ടവും വഹിക്കണം.
- ബാര്‍ സര്‍വീസ് ട്രെയിനിംഗ് : മദ്യം മൂലമുള്ള അപകടങ്ങള്‍ കുറക്കാന്‍ ഫലവത്തായ ഒരു വഴി ബാര്‍ ജീവനക്കാരുടെ കടമകള്‍ നിയമപരമായി നിര്‍വചിക്കുകയാണ്. പല രാജ്യങ്ങളിലും , ബാര്‍ ജീവനക്കാര്‍ക്ക് അഥവാ വില്‍പനക്കാര്‍ക്ക് ചില ഉത്തരവാദിത്തങ്ങള്‍ സമൂഹം നല്‍കിയിട്ടുണ്ട്. മദ്യം തലയ്ക്കു പിടിച്ച ഒരാള്‍ക്ക് വീണ്ടും മദ്യം വിളമ്പാന്‍ പാടില്ല എന്നതാണ് ഇതില്‍ പ്രധാനം. മദ്യം അമിതമായി കഴിച്ചവരോട് സ്വന്തമായി കാര്‍ ഓടിക്കാന്‍ പാടില്ല എന്ന് പറയാനും വേണ്ടിവന്നാല്‍ അത് തടയാനുമുള്ള നിയമപരമായ ബാധ്യത ചില സ്ഥലങ്ങളില്‍ ബാര്‍ ജീവനക്കാര്‍ക്കുണ്ട് . കുടിച്ചു ലക്ക് കെട്ട ശേഷം , വാഹനം ഓടിച്ച് ആര്‍ക്കെങ്കിലും കാര്യമായ പരിക്ക് പറ്റിയാല്‍ , മദ്യം കഴിച്ച ബാറിലെ ജീവനക്കാര്‍ അവരുടെ നിയമപരമായ ഉത്തരവാദിത്തം നിറവേറ്റിയോ എന്ന് പോലീസും കോടതിയും പരിശോധിക്കും. അവിടെ പരാജയപ്പെട്ടാല്‍ , അപകടത്തില്‍ കൂട്ടുത്തരവാദികള്‍ ആകും ജീവനക്കാര്‍. ബാര്‍ ജീവനക്കാര്‍ക്ക് എല്ലാ വര്‍ഷവും ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ട്രെയിനിംഗ് കിട്ടിയിരിക്കണം എന്നത് ലൈസന്‍സ് നില നിര്‍ത്താനുള്ള മാനദണ്ടങ്ങളില്‍ ഉള്‍പ്പെടുത്തണം. ഈ ട്രെയിനിംഗ് നല്‍കാന്‍ കഴിയുന്ന വിദഗ്ദ്ധരുടെ പാനല്‍ സര്‍ക്കാര്‍ തയ്യാറാക്കണം.
- പ്രായ നിയന്ത്രണം ഉറപ്പു വരുത്തുക :കേരളത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ 22 % പേരും മദ്യം ഉപയോഗിച്ചിട്ടുണ്ട് എന്നാണ് കണക്ക്. കേരളത്തില്‍ 10 ലക്ഷം പ്ലസ് ടു വിദ്യാര്‍ഥികള്‍ ഉണ്ടെന്നു കണക്കാക്കുക. ഇതില്‍ 2.2 ലക്ഷം കുട്ടികള്‍ മദ്യപിച്ചിട്ടുണ്ട് എന്ന് പറഞ്ഞാല്‍ കുട്ടികള്‍ക്ക് മദ്യം യഥേഷ്ടം ലഭ്യമാണ് എന്നാണ് മനസ്സിലാക്കേണ്ടത് . ബാറില്‍ നിന്നു കുടിക്കാനും മദ്യം വാങ്ങാനും പണ്ട് 18 വയസ്സായാല്‍ മതിയായിരുന്നു. ഇത് 21 ആക്കിയിട്ടും ഇത് സംഭവിക്കുന്നുവെങ്കില്‍ പ്രായം നോക്കാതെയുള്ള മദ്യ വില്പന കേരളത്തില്‍ സാധാരണമാണ് എന്നര്‍ത്ഥം. പ്രായത്തില്‍ കുറഞ്ഞവരാണ് എന്ന് തോന്നിയാല്‍ പ്രായം തെളിയിക്കാന്‍ ഉള്ള രേഖ വില്പനക്കാര്‍ ചോദിക്കണം. ഈ നിബന്ധന ബാറുകളിലും വില്പന സ്ഥലത്തും പ്രദര്‍ശിപ്പിക്കണം. പ്രായം കുറഞ്ഞവര്‍ക്ക് വില്‍കുന്നുണ്ടോ എന്നറിയാന്‍ രഹസ്യ പരിശോധനകളും വേണം.
- മോചന ഫണ്ട് ലഭ്യമാക്കുക: അമിതമായി മദ്യം കഴിക്കുന്നവരിലും അടിമപ്പെടുന്നവരിലും ചെറിയ വരുമാനക്കാരായ തൊഴിലാളികളാണ് കൂടുതല്‍. മദ്യത്തോടുള്ള അടിമത്തം ഒരു രോഗമായവര്‍ക്ക് ശാസ്ത്രീയമായ ചികിത്സ പ്രയാസം കൂടാതെ ലഭ്യമാക്കണം. തൊഴില്‍ ഒഴിവാക്കി ആശുപത്രിയില്‍ പോകുന്നതിന് പലര്‍ക്കും സാധിക്കില്ല. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് മദ്യ മുക്തി ചികിത്സക്കായി സര്‍ക്കാര്‍ ഒരു മോചന ഫണ്ട് ലഭ്യമാക്കണം. ഒരു നിശ്ചിത കാലയളവ് മദ്യം കഴിക്കാതെ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കായിരിക്കണം ഇത് ലഭിക്കുക. പ്രാദേശിക സര്‍ക്കാര്‍ അംഗീകരിച്ച ഒരു പാനല്‍ ചികിത്സക്കായി ഉണ്ടായ തൊഴില്‍ ദിന നഷ്ടം കണക്കാക്കണം . മിനിമം വേതനത്തിന്‍റെ അടിസ്ഥാനത്തില്‍, പരമാവധി ദിനങ്ങള്‍ നിശ്ചയിച്ചുകൊണ്ടാകണം ഇത് നടപ്പാക്കേണ്ടത് .മദ്യത്തില്‍ നിന്നും മുക്തി നേടിയവര്‍ക്ക് , സമൂഹം നല്‍കുന്ന സമ്മാനം ആയി മാറണം ഈ മോചന ഫണ്ട്.
എല്ലാ ലഹരികള്‍ക്കും ബാധകമായ ഒന്നുണ്ട്. ഉപയോഗിക്കുന്നവരെ പോലെ തന്നെ ഒട്ടും ഉപയോഗിക്കാത്തവരെയും അത് ബാധിക്കുന്നു. അതുകൊണ്ട് തന്നെ ലഹരിക്കെതിരായ എല്ലാ ശ്രമങ്ങളും എല്ലാവരുടെതും ആകണം. ഉത്പാദകര്‍ , വിതരണക്കാര്‍ , വില്പനക്കാര്‍, വിദഗ്ധര്‍, ഉപഭോക്താക്കള്‍ , പ്രാദേശിക സര്‍ക്കാരുകള്‍ , പൊതു ജനങ്ങള്‍ തുടങ്ങി എല്ലാവരും അവരവരുടെതായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്താല്‍ ഇന്ത്യക്കാകെ വഴികാട്ടിയാകാവുന്ന ഒരു ജനപക്ഷ ലഹരി വര്‍ജന പദ്ധതിക്ക് നമുക്ക് തുടക്കമിടാനാകും.
ഡോ: മനോജ് തേറയില്‍ കുമാര്‍ MD MPH MRCPsych,DipCBT(Oxford)
ക്ലിനിക്കല്‍ ഡയറക്ടര്‍ ,
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മൈന്‍ഡ് ആന്‍ഡ് ബ്രെയിന്‍ , തൃശൂര്‍.