ദി ഗ്രേറ്റ് പര്‍ജ് (The Great Purge)
പട്ടിണിയും പീഡനവും കൊണ്ട് പൊറുതിമുട്ടിയവര്‍ , ജനിച്ചു വീണ മണ്ണില്‍ അനാഥരെപ്പോലേ ജീവിക്കേണ്ടിവന്നവര്‍, തൊഴില്‍ ശാലകളിലും കൃഷിപ്പാടങ്ങളിലും കഠിനാധ്വാനം ചെയ്താലും രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പറ്റാത്തവര്‍ , ജാതിയും മതവും തീര്‍ത്ത സാംസ്‌കാരിക മതിലുകള്‍ക്കുള്ളില്‍ തളക്കപ്പെട്ടവര്‍- ഇവര്‍ക്കൊക്കെ തങ്ങള്‍ ജീവിക്കുന്ന ദേശത്തെയും ഭരണത്തെയും ചീത്ത പറയാന്‍ അവകാശമില്ലെ? ചതഞ്ഞരഞ്ഞ ജീവിതത്തിനു മുന്നില്‍നിന്ന് കോപാകുലരായി വിരല്‍ ചൂണ്ടാന്‍ പാടില്ലേ? ഇതാണ് ഈ ദേശം ഞങ്ങള്‍ക്ക് തരുന്നതെങ്കില്‍ ഈ ദേശം ഗുണം പിടിക്കില്ലെന്ന് പറയാന്‍ പാടില്ലേ? ‘അത്’ തകരട്ടേ എന്ന് പറയുമ്പോള്‍ , ആ തകര്‍ച്ചയില്‍ നിന്ന് ഒരു പുതിയ നാളെ ഇവിടെ ഉണര്‍ന്ന് എണീക്കുമെന്നു പ്രത്യാശിക്കുകയല്ലേ ചെയ്യുന്നത്.
ആരാണ് രാജ്യ സ്നേഹികള്‍ എന്നാണല്ലോ തര്‍ക്കം. പെണ്‍കുട്ടികളുടെ പാവാടയുടെ ഇറക്കം കുറുവടി കൊണ്ട് അളന്ന് അകത്തു പോ എന്ന് അക്രോശിച്ചവര്‍ , ആണും പെണ്ണും സംസാരിക്കുന്നത് കണ്ടാല്‍ കുറുവടി പ്രയോഗം നടത്തുന്ന സദാചാര ഭീകരര്‍ , ഏതെങ്കിലും അടുപ്പില്‍ ബീഫു വേവുന്നുവെങ്കില്‍ കലവും ഭക്ഷണം കാത്തിരിക്കുന്നവരുടെ തലയും തകര്‍ക്കുന്ന കുറുവടി സേനക്കാര്‍ , പ്രകൃതവും ക്രൂരവുമായ അന്ധ വിശ്വാസങ്ങളെ തുറന്നു കാണിക്കുന്ന മഹാ മനുഷ്യരുടെ തലച്ചോര്‍ ചിന്ന ഭിന്നമാക്കാന്‍ വെടിയുതിര്‍ക്കുന്ന ഓംകാര വ്യാളികള്‍ : ഇവരാണ് രാജ്യ സ്നേഹത്തിന്‍റെ പുത്തന്‍ അളവുകാര്‍.
ഞങ്ങള്‍ തന്നെയാണ് ദേശം എന്ന് ഇവര്‍ പറയുന്നു . അതിരുകള്‍ ഇല്ലാത്ത തുറന്ന ചിന്തയും, കൂര്‍ത്ത വിമര്‍ശന ബുദ്ധിയുമുള്ള പുതു തലമുറയെ ഇവര്‍ ശത്രുക്കളായി പ്രഖ്യാപിക്കുന്നു. വെടിയുണ്ടകള്‍ കൊണ്ട് അവരുടെ മേല്‍ ആരതി ഉഴിയുമെന്നും അവരുടെ ഹൃദയം ചൂഴ്ന്ന രക്തം കൊണ്ട് അഭിഷേകം കഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു
അധ്യാപകര്‍ ഖജനാവില്‍ നിന്നു പണം പറ്റി കുട്ടികളെ വഴി തെറ്റി ക്കുന്നുവത്രേ. അനുസരണ ഇല്ലാത്ത ഈ അധ്യാപകരെയെല്ലാം പിരിച്ചുവിടണമത്രേ. ഞങ്ങള്‍ പറയുന്നതു മാത്രമാണ് ചരിത്രവും ശാസ്ത്രവും , അതുമാത്രം പഠിപ്പിച്ചാല്‍ മതി എന്നാണ് ഉത്തരവ് .
നാനാ വിധ വിശ്വാസങ്ങളും ആശയങ്ങളും ഉപ ദേശീയതകളും പരസ്പരം സംവേദിച്ചും സമരം ചെയ്തും രൂപപ്പെടുന്ന ഇന്ത്യന്‍ മനസ്സിനെ ഹൈന്ദവ മൂശയില്‍ ഉരുക്കി ഒഴിച്ചു ഒരു പുതിയ പുരാതന ഇന്ത്യ ഉണ്ടാക്കലാണ് നാം കണ്ടുകൊണ്ടിരിക്കുന്ന ഈ “Make in India” പരിപാടി.
ത്രിവര്‍ണ പതാക കയ്യില്‍ പിടിച്ചാല്‍ ഏതു ഭീകര പ്രവര്‍ത്തനവും ദേശ സ്നേഹമാക്കാം എന്നു ഇവര്‍ വിശ്വസിക്കുന്നു . പഠനം വിട്ടു രാജ്യ സമരം തിരഞ്ഞെടുത്ത മഹാന്മാര്‍ ജനത്തോടു തോള്‍ ചേര്‍ന്ന് നേടിത്തന്ന പതാകയുടെ നേര്‍ അവകാശികളെയാണ് ഇവര്‍ വേട്ടയാടുന്നത്
ഭാരതാംബയുടെ ഹൃദയതടത്തില്‍ മയക്കു വിഷം കുത്തിവെച്ചു കൊല്ലാനും , കാവി വസ്ത്രം പുതപ്പിച്ചു കിടത്താനും ആണ് ഈ കിരാത നൃത്തം. പാടുന്ന പാട്ടോ? വിദ്യാര്‍ത്ഥികളും ഇടതുപക്ഷക്കാരും ഭാരതാംബയെ വിവസ്ത്രയാക്കി എന്നതും. സത്യത്തോടെ മാധ്യമ ധര്‍മം നിര്‍വഹിക്കുന്നവരെ തല്ലിയും വേശ്യകള്‍ എന്ന് വിളിച്ച് കൂവിയും ഈ കുറുനരികൂട്ടം നുരക്കുകയാണ്
,
ഇന്ത്യാ വിരുദ്ധരായ, നമ്മുടെ ജനങ്ങളെയും സ്ഥാപനങ്ങളെയും, തകര്‍ക്കാന്‍ നോക്കുന്ന ഭീകരര്‍ക്കെതിരെ ഈ ദേശത്തിന്‍റെ ശക്തി ഉപയോഗിക്കുന്നതില്‍ ആര്‍ക്കുമില്ല ഭിന്നാഭിപ്രായം. അതിനെ മറയാക്കി , ഭീകരത അഴിച്ചുവിട്ടു , രാമരാജ്യം കെട്ടിപ്പടുക്കാന്‍ ഭരണ ഘടനയെ കടല പൊതിയുന്ന കടലാസ് ആക്കുന്നതിലാണ് എതിര്‍പ്പ്. പോലീസിനെ ഹനുമാന്‍ സേനയാക്കി നടത്തുന്ന രാജ്യ ദ്ദ്രോഹത്തിനെയാണ് വിദ്യാര്‍ഥികള്‍ എതിര്‍ക്കുന്നത്.
ഒരു ശത്രുവിനെ സൃഷ്ടിക്കുക . ശത്രുവിന്‍റെ ഭീമത്സത പൊലിപ്പിച്ച് എടുക്കുക, എല്ലാ പ്രശ്നങ്ങള്‍ക്കും ഈ ശത്രുവാണ് കാരണം എന്ന് ബോ ധിപ്പിക്കുക, ചോദ്യങ്ങള്‍ ചോദിക്കാത്ത , അനുസരണ മാത്രം അറിയുന്ന , ഏതു ഉത്തരവും ശിരസ്സാ വഹിക്കുന , ഒരു ദേശത്തെ ഉണ്ടാക്കുക. ഭരിക്കുന്നവരുടെ ലക്ഷ്യം വ്യക്തം.രാജ്യ ഭരണാധികാരികളുടെ കണ്ണുകളില്‍ കാണുന്നത് വെളിച്ചത്തെയും മനുഷ്യ വ്യസനത്തെയും കാണാന്‍ കഴിയാത്തവിധം അന്ധമായ ഫാസിസത്തിന്‍റെ തിരനോട്ടമാണ്.
ഡല്‍ഹി ഒരു trailer മാത്രം. മുഴുനീള ഹൊറര്‍ ചിത്രം വരാനിരിക്കുന്നു.
ഹോളോകോസ്റ്റ് മൂസിയത്തിന്‍റെ ചുമരില്‍ ഫാദര്‍ മാര്‍ട്ടിന്‍ നെമോലെരുടെ പ്രസിദ്ധ വാക്കുകള്‍ : ആദ്യം അവര്‍ സോഷ്യലിസ്റ്റ്കാരെ തേടി വന്നു……..ഞാന്‍ ഇളകിയില്ല. ………………. ഒടുവില്‍ അവര്‍ എന്നേ തേടി വന്നു. ആരും അവശേഷിച്ചിരുന്നില്ല . ചരിത്രപുസ്തകം വായിച്ചാകണം സ്‌ക്രിപ്റ്റ് തയ്യാറാക്കിയത് . ഡല്‍ഹി സിപിഎം ഓഫീസിനു നേരേ ആദ്യത്തെ അക്രമം. കരി കോരി ഒഴിച്ചാല്‍ മറഞ്ഞു പോകുന്നവയാണ് ആശയങ്ങള്‍ എന്ന് മാധവേട്ടന്‍ പഠിപ്പിച്ചതാകും. സൂര്യന്‍റെ വെളിച്ചം മറക്കാന്‍ ഇവരുടെ മനസ്സിലെ ഇരുട്ടിനാകുമോ എന്ന് കാത്തിരുന്ന് കാണണം.
ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികളോട്: നിങ്ങളാണ് ഇന്ത്യയുടെ ആത്മാവ്. നിങ്ങളുടെ ഉണര്‍വാണ് ഇന്ത്യയുടെ ഭാവി.
ഇപ്പോള്‍ നിശബ്ദത കുറ്റകരമാണ്. ഈ മൌനം വേരിനെ പിടിച്ചുലക്കും.
അന്ന് പറയേണ്ടിവരും “Mea culpa Mea culpa Mea maxima culpa”. അത് തീര്‍ച്ച .
ഒരു ചോദ്യം. ഡല്‍ഹി തുടക്കത്തിന്‍റെ ഒടുക്കമോ ഒടുക്കത്തിന്‍റെ തുടക്കമോ ?
മനോജ് തേറയില്‍